മലപ്പുറം : അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി മലപ്പുറം സെൻ്ററിൽ ഈ അധ്യയന വർഷം മുതൽ തുടങ്ങുന്ന ബി.ബി.എ കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. സെന്ററിൽ നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 60 സീറ്റുകളിലേക്ക് ആണ് പ്രവേശനം. 2013-നു ശേഷം ആദ്യമായാണ് പുതുതായി ഒരു കോഴ്സ് മലപ്പുറം സെന്ററിൽ വരുന്നത്. മലപ്പുറം കേന്ദ്രത്തിൽ നിന്നും സമർപ്പിച്ച നാലുവർഷ ബി.എഡ് പ്രോഗ്രാം, എൽ.എൽ.എം, എം.എഡ്, നാലുവർഷ ഡിഗ്രി പ്രോഗ്രാമുകളും യൂനിവേഴ്സിറ്റിയുടെ വ്യത്യസ്ത ഫാകൽറ്റികളുടെ പരിഗണനയിലാണെന്ന് കേന്ദ്രം ഡയറക്ടർ ഫൈസൽ വ്യക്തമാക്കി. യൂനിവേഴ്സിറ്റിയുടെ കേന്ദ്രങ്ങളുടെയും വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയ വൈസ് ചാൻസലർ പ്രൊഫ. നഈമ ഖാതൂനിന് ഡയറക്ടർ നന്ദി അറിയിച്ചു. യൂനിവേഴ്സിറ്റി കൊമേഴ്സ് ഫാക്കൽറ്റിക്ക് കീഴിലാണ് ഇപ്പോൾ 4-വർഷ ബി.ബി.എ പ്രോഗ്രാം തുടങ്ങുന്നത്. നിലവിൽ മാനേജ്മെന്റ് ഫാകൽറ്റിക്കു കീഴിൽ എം.ബി.എ, ലോ ഫാകൽറ്റിക്കു കീഴിൽ അഞ്ചു വർഷ ബി.എ.എൽ.ബി, സോഷ്യൽ സയൻസ് ഫാകൾട്ടിക്ക് കീഴിൽ ബി.എഡ് എന്നീ പ്രാഗ്രാമുകൾ നടന്നു വരുന്നുണ്ട്. 2025 ജൂലൈ ഒന്നിന് നു 24 വയസ്സ് പൂർത്തീകരിച്ചവർക്കും അതിനു താഴെ പ്രായമുള്ളവർക്കും അപേക്ഷ നൽകാം. 850 രൂപയാണ് അപേക്ഷ ഫീസ് . ജൂലൈ 24 വരെ www.amucontrollerexams.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം ആഗസ്റ്റ് 20 ന് മലപ്പുറം സെൻ്ററിലാണ് പ്രവേശന പരീക്ഷ. പ്ലസ്ടു കൊമേഴ്സ്/സയൻസ്/ഹ്യൂമാനിറ്റീസ് / തത്തുല്യ യോഗ്യത പൂർത്തീകരിച്ച (50% മാർക്കിന് മുകളിൽ) അപേക്ഷിക്കാം. വിവരങ്ങൾക്ക് 04933229299 എന്ന നമ്പറിൽ ബന്ധപ്പെടാം.
![]() വിദൂര വിദ്യാഭ്യാസത്തിന് വിജ്ഞാപനമിറക്കുന്നതിൽ അനിശ്ചിതത്വം സൃഷ്ടിച്ച് കാലിക്കറ്റ് സർവകലാശാല
മലപ്പുറം: വിവിധ കോഴ്സുകളിലേക്കുള്ള വിദൂര വിദ്യാഭ്യാസത്തിന് വിജ്ഞാപനമിറക്കുന്നതിൽ അനിശ്ചിതത്വം സൃഷ്ടിച്ച് കാലിക്കറ്റ് സർവകലാശാല.സംസ്ഥാനത്തെ എം.ജി, കണ്ണൂർ, കേരള സർവകലാശാലകൾ സമാന വി്ഞാപനം പുറപ്പെടുവിച്ചിട്ടും കാലിിക്കറ്റ് സർവകലാശാലയിൽ അനിശ്ചിതത്വം തുടരുന്നത് മലബാർ മേഖലയിലെ വിദ്യാർഥികൾക്ക് തിരിച്ചടിയാവുകയാണ്.സർവകലാശാലയ്ക്കു കീഴിലുള്ള വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ഡിഗ്രി കോഴ്സുകൾ തുടങ്ങുന്നതിന് 2025 -26 അധ്യയനവർഷത്തിലും യു.ജി.സി അനുമതി നിലനിൽക്കുന്നുണ്ട്. എന്നാൽ, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതി യോഗം ചേർന്ന് കോടതിയിൽ തുടരുന്ന നിയമനടപടി ചൂണ്ടിക്കാണിച്ച് അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്. മറ്റു സർവകലാശാലകൾക്ക് സമാനമായി ഈ അധ്യയന വർഷവും വിദൂര വിദ്യാഭ്യാസത്തിനുള്ള അവസരം കാലിക്കറ്റ് സർവകലാശാല ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. പതിറ്റാണ്ടുകളായി സംസ്ഥാനത്ത് ഓരോ സർവകലാശാലയ്ക്കു കീഴിലും വിദൂര വിദ്യാഭ്യാസം സുഗമമായി നടന്നു വരുന്നതിനിടയിലാണ് അടുത്തിടെ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ആരംഭിച്ചത്. ഇതോടെ മറ്റു സർവകലാശാലകൾവിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്തേണ്ടതില്ലെന്നും, എല്ലാ വിദൂര വിദ്യാഭ്യാസ കോഴ്സുകളും ശ്രീനാരയണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കീഴിൽ മതിയെന്നുമുള്ള നിബന്ധനയെത്തി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഏകീകൃത സ്വഭാവം കൊണ്ടുവരുന്നതിനുള്ള നീക്കമായിരുന്നു ഇതെങ്കിലും, ഫലത്തിൽ വിദ്യാർഥികൾ പ്രതിസന്ധിയിൽ ആവുകയാണ് ഉണ്ടായത്. ആദ്യ ഘട്ടത്തിൽ മറ്റു സർവകലാശാലകൾ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നിർത്തലാക്കിയെങ്കിലും പിന്നീട്, വിദ്യാർഥികളിൽ നിന്നുള്ള ആവശ്യം ശക്തമായതിനെ തുടർന്ന് കോഴ്സുകൾ പുനസ്ഥാപിക്കുകയായിരുന്നു.എന്നാൽ കാലിക്കറ്റ് സർവകലാശാല മാത്രം വിഷയത്തിൽ മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.ഓപൺ സർവകലാശാല ആക്റ്റ് നിലവിൽ വന്നശേഷം തങ്ങൾക്ക് ഇഷ്ടമുള്ള കോഴ്സ് പഠിക്കാൻ കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴിൽ അനുമതി തരണമെന്നാവശ്യപ്പെട്ട് ചില വിദ്യാർഥികൾ കോടതിയെ സമീപിച്ചിരുന്നു. കൂടാതെ സെനറ്റ് അംഗങ്ങളായ വി.കെ.എം ഷാഫി, ഡോക്ടർ അൻവർ ഷാഫി എന്നിവരും വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ പ്രവേശനം നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. കാലിക്കറ്റ് സർവകലാശാല പരിധിയിൽ ഇപ്പോൾ തന്നെ പോണ്ടിച്ചേരി യൂനിവേഴ്സിറ്റി വിദൂര വിദ്യാഭാസ വിഭാഗത്തിൻ്റെ സ്റ്റഡി സെന്ററുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഓപൺ സർവകലാശാല ആക്ട് മുഴുവൻ സർവകലാശാലകൾക്കും ബാധകമാണെന്നിരിക്കെ തന്നെ കണ്ണൂരും കേരളയും എംജിയും കോഴ്സ് തുടങ്ങിയിട്ടും കാലിക്കറ്റ് സർവകലാശാല മാത്രം അനിശ്ചിതത്വം സൃഷ്ടിക്കുന്നത് എന്തിനാണെന്ന ചോദ്യമാണ് വിദ്യാർഥികൾ ഉയർത്തുന്നത്. |