ന്യൂഡല്‍ഹി: ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ടെലിഗ്രാമും ഉള്‍പ്പെടെയുള്ള നവമാധ്യമ ലോകം സൃഷ്ടിച്ച ആശയവിനിമയത്തിന്റെ സാധ്യതകളില്‍ നിന്ന് കൂടുതല്‍ ആകര്‍ഷകമായ മറ്റൊരു ആശയിവിനിമയ ആപ്ലിക്കേഷനുമായി ട്വിറ്ററിന്റെ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സി. ബിറ്റ് ചാറ്റ് എന്ന് പേരിട്ട ഈ ആപ്ലിക്കേഷന്റെ പ്രധാന പ്രത്യേക ഇന്റര്‍നെറ്റ് ഇല്ലാതെ സന്ദേശങ്ങള്‍ കൈമാറാം എന്നതാണ്. ബ്ലൂടൂത്ത് ലോ എനര്‍ജി മെഷ് നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ചാണ് ഈ ആപ്പിന്റെ പ്രവര്‍ത്തനം. സമീപത്തുള്ള സ്മാര്‍ട്ട്‌ഫോണുകളെ എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍ പരസ്പരം കൈമാറുന്ന ക്ലസ്റ്ററുകള്‍ രൂപപ്പെടുത്താന്‍ ബ്ലൂടൂത്ത് ലോ എനര്‍ജി മെഷ് നെറ്റ്‌വര്‍ക്കുകള്‍ വഴി സാധ്യമാകും. ഇന്റര്‍നെറ്റോ മൊബൈല്‍ നമ്പറോ പോലും ഈ ആപ്പിന് പ്രവര്‍ത്തിക്കാനാകുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. നിലവില്‍ ബിറ്റ്ചാറ്റ് ആപ്പ് ആപ്പിളിന്റെ ടെസ്റ്റ്ഫ്‌ലൈറ്റ് വഴി ബീറ്റയില്‍ ലഭ്യമാണ്. ബീറ്റാ വേര്‍ഷന്‍ ലോഞ്ച് ചെയ്ത ഉടന്‍ ബിറ്റ്ചാറ്റ് 10,000 ഉപയോക്താക്കള്‍ പരീക്ഷിച്ചുതുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സെർവറുകളുടെ ആവശ്യമുണ്ടോ..?
ബ്ലൂടൂത്ത് അധിഷ്ടിത ആപ്ലിക്കേഷന്‍ ആയതിനാല്‍ മറ്റു സെര്‍വകറുകളുടെയോ ക്ലൗഡ് സ്‌റ്റോറേജിന്റെയോ ആവശ്യം ഇതിനില്ല എന്നതും പ്രത്യേകതയാണ്. സമീപത്തുള്ള ബിറ്റ്ചാറ്റ് ഉപയോക്താക്കള്‍ പരസ്!പരം കണക്റ്റുചെയ്യുകയും സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുകയും ചെയ്യും. ബിറ്റ്ചാറ്റ് ഇന്‍സ്റ്റാള്‍ ചെയ്ത ഒരാളുടെ അടുത്താണ് നിങ്ങള്‍ എങ്കില്‍, ആ ഉപകരണം വഴി നിങ്ങളുടെ സന്ദേശം അടുത്ത ഉപയോക്താവിലേക്ക് എത്താന്‍ കഴിയും. പ്രകൃതി ദുരന്തങ്ങള്‍, ഇന്റര്‍നെറ്റ് തടസ്സങ്ങള്‍ അല്ലെങ്കില്‍ സെന്‍സര്‍ഷിപ്പ് ഉള്ള പ്രദേശങ്ങളില്‍ പോലും ആപ്പ് ഉപയോഗപ്രദമാകുമെന്നാണ് വിലയിരുത്തല്‍ .വാട്‌സ്ആപ്പ് പോലെ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷനോടുകൂടിയ ബിറ്റ്ചാറ്റില്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ ഉപയോക്താവിന്റെ ഫോണില്‍ ലോക്കലായി സംഭരിക്കപ്പെടും.സന്ദേശങ്ങള്‍ പുറത്തുള്ള മറ്റൊരു സെര്‍വറിലേക്കും പോകുന്നില്ല എന്നതും പ്രത്യേകതയാണ്.
ഐഡൻ്റിറ്റി എങ്ങനെ..?
ഉപയോക്താവിന്റെ ഐഡന്റിറ്റി വെളിപ്പെടില്ല എന്നതും പ്രധാന പ്രത്യേകതയായി നിര്‍മാതാക്കള്‍ പറയുന്നു.ഡിജിറ്റല്‍ ട്രാക്കിംഗ്, ഡാറ്റ മോഷണം എന്നിവയെക്കുറിച്ച് ജാഗ്രത പുലര്‍ത്തുന്നവര്‍ക്കും ബിറ്റ് ചാറ്റ് വിശ്വാസയോഗ്യമായ ആശയവിനിമയ ഉപാധിയാകും.നിലവില്‍, ബിറ്റ്ചാറ്റിന്റെ പരിധി പരിമിതമാണ്. അതിനാല്‍ വാട്‌സ്ആപ്പിനോ ടെലിഗ്രാമിനോ നേരിട്ട് ഒരു ബദലായി മാറാന്‍ ഇതിന് കഴിഞ്ഞിട്ടില്ല. എങ്കിലും ജാക്ക് ഡോര്‍സിയുടെ ഈ സംരംഭം ഭാവിയിലെ മെസേജിംഗ് ആപ്പുകളില്‍ നിര്‍ണായക സ്ഥാനം വഹിക്കുമെന്നത് ഉറപ്പാണ്. ആപ്പിൻ്റെ വിവരങ്ങള്‍ ജാക്ക് ഡോര്‍സി എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ബ്ലൂടൂത്ത് മെഷ് നെറ്റ് വര്‍ക്ക്, റിലേ, സ്റ്റോര്‍ ആന്റ് ഫോര്‍വേഡ് മോഡല്‍സ്, മെസേജ് എന്‍ക്രിപ്ഷന്‍ മോഡലുകള്‍ ഉള്‍പ്പടെയുള്ളവുമായി ബന്ധപ്പെട്ട തന്റെ വാരാന്ത്യ പ്രൊജക്ട് എന്ന കുറിപ്പോടെയാണ് ടെസ്റ്റ് ഫ്‌ളൈറ്റ് ലിങ്കും ഗിറ്റ്ഹബ്ബ് ലിങ്കും ഡോര്‍സി പങ്കുവെച്ചിരിക്കുന്നത്.ഇന്റര്‍നെറ്റുമായി ബന്ധമില്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് ബിറ്റ്ചാറ്റ് കൂടുതല്‍ സ്വകാര്യത നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇതിന് പുറമെ മെസേജുകള്‍ എന്‍ക്രിപ്റ്റ് ചെയ്യപ്പെടും. ബ്ലൂടൂത്ത് വഴിയാണ് ഒരു ഉപകരണത്തില്‍ നിന്ന് മറ്റൊന്നിലേക്ക് സന്ദേശങ്ങള്‍ സഞ്ചരിക്കുന്നത്. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഒരു നെറ്റ് വര്‍ക്കിലൂടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.പാസ് വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയ ഗ്രൂപ്പ് ചാറ്റ് ഫീച്ചര്‍, ഒരു ഉപഭോക്താവ് ഓഫ്‌ലൈന്‍ ആണെങ്കിലും സന്ദേശങ്ങള്‍ അയക്കാനാവുന്ന സ്റ്റോര്‍ ആന്റ് ഫോര്‍വേഡ് ഫീച്ചര്‍ എന്നിവ ബിറ്റ് ചാറ്റിന്റെ സവിശേഷതകളാണ്. വരും അപ്‌ഡേറ്റുകളില്‍ വൈഫൈ ഡയറക്ട് ഫീച്ചറും ഇതില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവഴി ആപ്പിലൂടെയുള്ള സന്ദേശ കൈമാറ്റം കൂടുതല്‍ വേഗമുള്ളതാവും.വാട്‌സാപ്പും ടെലഗ്രാമും ഉപഭോക്താക്കളുടെ ഡേറ്റ വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉപയോഗിക്കാന്‍ അക്കൗണ്ട് പോലും നിര്‍മിക്കേണ്ടെന്ന് പറഞ്ഞ് ബിറ്റ് ചാറ്റ് രംഗപ്രവേശം ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഉപഭോക്താവിന് തന്റെ പേരും ഫോണ്‍നമ്പറും ഇമെയിലും ഉള്‍പ്പടെയുള്ള വ്യക്തിവിവരങ്ങള്‍ ബിറ്റ്ചാറ്റിന് നല്‍കേണ്ടി വരില്ല. എന്നാല്‍ ഇത്തരം ഒരു ആപ്പ് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുമുണ്ട്.
പ്രിയപ്പെട്ടവർക്ക് ഈ വർഷം നൽകാവുന്ന ഏറ്റവും മികച്ച സമ്മാനങ്ങൾ..ഇതാ..