പരിമിതികളെ അസാമാന്യ ഇച്ഛാശക്തിയും പ്രതീക്ഷകളുടെ കരുത്തുമായി തോൽപ്പിച്ചു മുന്നോട്ടു കുതിക്കുന്ന നിരവധി പേരുടെ ജീവിതാനുഭവം നമുക്ക് മുന്നിലേക്ക് എത്താറുണ്ട്. കൈകാലുകളില്ലാതെ ജനിച്ചുവെങ്കിലും, പരിമിതികളെ അതിജീവിച്ച് ചിത്രകാരിയായ ഒരു പെൺകുട്ടിയുടെ കഥയാണിത്. അവൾ വരച്ച ചിത്രം മലയാളത്തിൻ്റെ പ്രിയ നടൻ മോഹൻലാലിന് കൈമാറാനും കഴിഞ്ഞു. പ്രതിസന്ധികൾക്കു മുന്നിൽ പകച്ചു നിൽക്കുന്ന ഓരോ വിദ്യാർഥിക്കും പ്രചോദനമാകട്ടെ സന്ധ്യയുടെ കഥ.
കൈകാലുകളില്ലാതെയാണ് ജനിച്ചതെങ്കിലും സന്ധ്യയിലെ ചിത്രകാരിക്ക് അതൊന്നും ഒരിക്കലും തടസമായില്ല. പാതിവളർന്ന കൈ കൊണ്ട് അനവധി ചിത്രങ്ങളാണ് സന്ധ്യ വരച്ചു കൂട്ടിയത്. കഴിഞ്ഞ ദിവസമാണ് മോഹൻലാലിന്റെ ചിത്രം വരയ്ക്കാൻ സന്ധ്യയ്ക്ക് ഒരു ആശ തോന്നിയത്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല പരിമിതികളെ മാറ്റി നിർത്തി സന്ധ്യ തന്റെ പ്രിയനടന്റെ ചിത്രം വരച്ചു. വാർത്തയിലൂടെ ഇക്കാര്യം അറിഞ്ഞ മോഹൻലാൽ തന്റെ പിറന്നാൾ ദിനത്തിൽ സന്ധ്യയെ വിളിക്കുകയും ചെയ്തു. അന്നു കൊടുത്ത വാക്കായിരുന്നു തലസ്ഥാനത്ത് എത്തുമ്പോൾ കാണാമെന്നത്. കഴിഞ്ഞദിവസം പ്രിയ നടനെ സന്ധ്യ നേരിൽക്കണ്ടു. ചിത്രം കൈമാറി.
സന്ധ്യ മോഹൻലാലിന് ചിത്രം കൈമാറുന്ന വീഡിയോ ഇവിടെ കാണാം.Wacth Full Video
തിരുവനന്തപുരത്ത് മണക്കാടുള്ള ഗവ. കാർത്തിക തിരുനാൾ എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് സന്ധ്യ. മൂന്നു ദിവസം കൊണ്ടായിരുന്നു മോഹൻലാലിന്റെ രണ്ട് ചിത്രങ്ങൾ സന്ധ്യ വരച്ചത്. വരച്ചു കഴിഞ്ഞപ്പോൾ ചിത്രങ്ങൾ എങ്ങനെയെങ്കിലും മോഹൻലാലിന് നൽകണമെന്നായി സന്ധ്യയുടെ ആഗ്രഹം. സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഇടപെടലിനെ തുടർന്ന് മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ ചില സഹപ്രവർത്തകർ പ്രദേശവാസിയായ സനൽലാലിനൊപ്പം സന്ധ്യയുടെ വീട്ടിലെത്തി. തുടർന്ന് വിഡിയോ കോളിലൂടെ മോഹൻലാലുമായി സംസാരിച്ചു. തിരുവനന്തപുരത്ത് എത്തുമ്പോൾ നേരിട്ട് കാണാമെന്ന ഉറപ്പ് മോഹൻലാൽ സന്ധ്യയ്ക്ക് നൽകുകയും ചെയ്തു.
ഇതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയ മോഹൻലാലിനെ കാണാൻ സന്ധ്യ എത്തിയത്. മാതാപിതാക്കളായ സന്തോഷിനും രേഖയ്ക്കും മറ്റ് സുഹൃത്തുക്കൾക്കും ഒപ്പമായിരുന്നു സന്ധ്യ എത്തിയത്. പെൻസിൽ കൊണ്ടു വരച്ച രണ്ട് ചിത്രങ്ങളും സന്ധ്യ മോഹൻലാലിന് കൈമാറി. ചിത്രങ്ങൾ നടന് ഇഷ്ടമാകുകയും ചെയ്തു. ചിത്രകാരൻ കോവളം എൻ കെ സുനുവിന്റെ മേൽനോട്ടത്തിലാണ് സന്ധ്യ ചിത്രരചന അഭ്യസിക്കുന്നത്.