ഒറ്റയ്ക്ക് കുടുംബഭാരം ചുമക്കുന്ന ബി.പി.എൽ വിഭാഗത്തിലെ അമ്മമാർക്ക് , മക്കളുടെ വിദ്യാഭ്യാസത്തിന് സഹായം നൽകുന്ന വിദ്യാധനം സ്കോളർഷിപ്പ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2024–25 വർഷത്തെ സഹായത്തിന് ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. https://wcd.kerala.gov.in എന്ന വെബ് സൈറ്റിൽ അപേക്ഷാഫോമിൻ്റെ മാതൃകയുണ്ട്. അപേക്ഷകർ പുനർവിവാഹം കഴിക്കരുതെന്ന നിബന്ധനയുണ്ട്.
ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകാർക്ക് വർഷം 3,000 രൂപയാണ് സ്‌കോളർഷിപ്പ്. ആറുമുതൽ 10 വരെ 5,000 രൂപയും ഹയർസെക്കൻഡറിയിൽ 7,500 രൂപയും ബിരുദതലത്തിൽ 10,000 രൂപയും ലഭിക്കും. ബി.പി.എൽ. കുടുംബവും മക്കൾ സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്നവരുമാകണം. എ.പി.എൽ. ആണെങ്കിൽ അർഹതപ്പെട്ട വിഭാഗമാണെന്നു തെളിയിക്കുന്ന രേഖകൾ വേണം.
കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സ്കോളർഷിപ്പ് ലഭിക്കാത്ത വിദ്യാർഥികളെ മാത്രമേ പരിഗണിക്കൂ. കുടുംബത്തിൽ പരമാവധി രണ്ടു കുട്ടികൾക്ക് അപേക്ഷിക്കാം. ഭർത്താവ് ഉപേക്ഷിച്ചവർ, ഭർത്താവിനെ കാണാതായി ഒരുവർഷം പിന്നിട്ടവർ, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മയായവർ, ഭർത്താവിന് നട്ടെല്ലിനു ക്ഷതമോ പക്ഷാഘാതമോ നിമിത്തം ജോലിചെയ്യാനാകാത്തവിധം കിടപ്പിലായ കുടുംബത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം.
ആവശ്യമായ രേഖകൾ
അപേക്ഷിക്കാനായി റേഷൻകാർഡ്, വോട്ടർ ഐ.ഡി., അമ്മയുടെയും കുട്ടിയുടെയും ആധാർ കാർഡ്, ഇരുവരുടെയും ഒന്നിച്ചുള്ള ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ എന്നിവ വേണം.ഭർത്താവ് ഉപേക്ഷിച്ചുപോയവരും ഭർത്താവിനെ കാണാതായി ഒരുവർഷം പിന്നിട്ടവരും വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം., വിവാഹബന്ധം വേർപെടുത്തിയവർക്ക് കോടതി ഉത്തരവിന്റെ പകർപ്പും ഭർത്താവിന് നട്ടെല്ലിനു ക്ഷതമോ പക്ഷാഘാതമോ നിമിത്തം ജോലിചെയ്യാൻ കഴിയാത്ത സാഹചര്യമുള്ളവർക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റും നിയമപരമായി വിവാഹിതരല്ലാത്ത അമ്മമാർക്ക് ഐ.സി.ഡി.എസ്. സൂപ്പർവൈസറുടെ സാക്ഷ്യപത്രവും ആവശ്യമാണ്.എല്ലാ അപേക്ഷകർക്കും പുനർവിവാഹിതരല്ലെന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റും വേണം.
പദ്ധതിക്ക് അർഹരായവർ
എ കാറ്റഗറി
1. വിവാഹമോചിതർ
2. ഭർത്താവ് ഉപേക്ഷിച്ചവർ
3. ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞവർ (വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റും പഞ്ചായത്തിലെ സത്യവാങ്മൂലവും വേണം)
4. നട്ടെല്ലിനു ക്ഷതമോ പക്ഷാഘാതമോ മൂലം ഭർത്താവിനു ജോലി ചെയ്യാൻ കഴിയാത്തവർ (സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണം)
5. നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായവർ (വിവാഹം ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലവും ഐസിഡിഎസ് സൂപ്പർവൈസറുടെ സാക്ഷ്യപത്രവും വേണം. (ഐസിഡിഎസ് – ഇന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്‌മെന്റ് സർവീസസ്)
ബി കാറ്റഗറി
HIV ബാധിച്ച് ART (ആന്റി റെട്രോവൈറൽ തെറപ്പി) ചികിത്സയ്ക്കു വിധേയരാകുന്നവർ. എപിഎൽകാർക്കും വീരചരമമടഞ്ഞ സൈനികരുടെ വിധവകളോ സാമൂഹികവിവേചനം അനുഭവിക്കുന്നവരോ ആയ എപിഎൽ വിഭാഗത്തിൽപെട്ടവർക്കും അപേക്ഷിക്കാം.
മറ്റു വ്യവസ്ഥകൾഒരു കുടുംബത്തിലെ 2 കുട്ടികൾക്കുവരെ സഹായം കിട്ടും. മറ്റു സർക്കാർ സ്‌കോളർഷിപ്പൊന്നും കിട്ടുന്നില്ലെന്നു ഹെഡ്മാസ്റ്റർ / പ്രിൻസിപ്പൽ നൽകിയ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. സഹായത്തുക അമ്മയുടെയും കുട്ടിയുടെയും ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കണം.കുട്ടികൾ സർക്കാർ /എയ്ഡഡ് വിദ്യാലയങ്ങളിലാവണം പഠിക്കുന്നത്. ഓൺലൈൻ അപേക്ഷ SCHEMES APPLY ONLINE ലിങ്കുകൾവഴി ബന്ധപ്പെട്ട ശിശുവികസന ഓഫിസർക്കു നൽകണം.
ലഭിക്കുന്ന സഹായം
5 വയസ്സിൽ താഴെയുള്ളവരും 1–5 വരെ ക്ലാസുകളിൽ പഠിക്കുന്നവരും: വർഷംതോറും 3000 രൂപ
6–10 വരെ ക്ലാസുകളിൽ പഠിക്കുന്നവർ: വർഷംതോറും 5000 രൂപ
11, 12 ക്ലാസുകൾ : വർഷംതോറും 7500 രൂപ
ബിരുദവും അതിനു മുകളിലും: വർഷംതോറും 10,000 രൂപ
ജീവിതം വെട്ടിപ്പിടിച്ച പത്ത് വനിതകൾ