കീം 2025:ഇനിയെന്ത് സംഭവിക്കും..?

0 0
Read Time:9 Minute, 15 Second

തിരുവനന്തപുരം : കീം 2025  പ്രവേശന പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കിയതോടെ സംസ്ഥാനത്ത് മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കും എൻജിനിയറിങ് കോഴ്സുകളിലേക്കുമുള്ള പ്രവേശനനടപടികൾ അനിശ്ചിതാവസ്ഥയിലായി. കീമിന്റെ പ്രോസപെക്ടസില്‍ അടക്കം വരുത്തിയ മാറ്റങ്ങള്‍ ചോദ്യം ചെയ്തു കൊണ്ട് സി.ബി.എസ്.സി സിലബസിൽ പഠിച്ച വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി പറഞ്ഞത്. കീം പരീക്ഷയുടെ റാങ്ക് ലിസ്റ്റിനായി നടപ്പാക്കിയ പുതുക്കിയ വെയിറ്റേജ് രീതിയാണ് ഹൈക്കോടതി റദ്ദാക്കിയത്.വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടികാട്ടിയാണ് ഈ നടപടി. ജസ്റ്റിസ് ഡി.കെ സിങ്ങിന്റേതാണ് ഉത്തരവ്. കീം എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണ്ണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്നായിരുന്നു ഹർജിക്കാർ ചൂണ്ടിക്കാണിച്ചത്. അതേ സമയം ഉത്തരവ് കേരള സിലബസിലെ വിദ്യാർഥികൾക്ക് തിരിച്ചടിയുമായി. നേരത്തേ കേരള സിലബസ് വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചതിനാലായിരുന്നു  വെയിറ്റേജിൽ മാറ്റം വരുത്തിയത്. അതേസമയം  ഡിവിഷൻ ബഞ്ചിൽ നൽകിയ അപ്പീലിൽ അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. വ്യാഴാഴ്ചയാണ് ഡിവിഷൻ ബെഞ്ച് അപ്പീൽ പരിഗണിക്കുന്നത്.

എന്താണ് സംഭവിച്ചത്…? 

കേരള, സി.ബി.എസ്.ഇ സിലബസുകളിൽ പഠിച്ച വിദ്യാർഥികളുടെ മാർക്കിൽ വരുത്തിയ ഏകീകരണമാണ് പ്രശ്നമായത്. പുതിയ ഏകീകരണപ്രകാരം 600 മാര്‍ക്കിലാണ് കീമിന്‍റെ റാങ്ക് നിര്‍ണിയിച്ചത്. കീം പരീക്ഷയുടെ 300 മാര്‍ക്കും പ്ലസ്‌ടുവില്‍ മൂന്നു വിഷയങ്ങള്‍ക്ക് ലഭിക്കുന്ന മാര്‍ക്കിനെ 300 മാര്‍ക്കിലാക്കി ഏകീകരിച്ചായിരുന്നു ഫലം പ്രഖ്യാപിച്ചത്. സിബിഎസ്ഇയിലെ വിദ്യാര്‍ഥികള്‍ക്ക് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ മൂന്ന് വിഷയങ്ങൾക്കു 300 മാര്‍ക്കായിരുന്നെങ്കില്‍ കേരള സ്റ്റേറ്റില്‍ ഇത് 360 മാര്‍ക്കാണ്. അതിനാല്‍ സ്റ്റേറ്റ് സിലബസിലെ വിദ്യാര്‍ഥികളുടെ മാര്‍ക്ക് 300 മാര്‍ക്കിലേക്ക് മാറ്റി ഏകീകരിച്ചിരുന്നു.എന്നാൽ മാര്‍ക്ക് ഏകീകരിക്കുമ്പോള്‍ കേരള സിലബസിലുള്ളവർക്ക് മേൽക്കൈ ലഭിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് സി.ബി.എസ്.ഇ വിദ്യാർഥികൾ പരാതി ഉയർത്തിയത്. .

സ്റ്റേറ്റ് ബോർഡ് വിദ്യാർഥികൾക്ക് ന്യായമായ വെയിറ്റേജ് ലഭിക്കുന്നതിന് വേണ്ടിയാണ് മാറ്റം വരുത്തിയതെന്നാണ് പുതിയ മാര്‍ക്ക് ഏകീകരണത്തിന് സർക്കാർ നല്‍കുന്ന വിശദീകരണം. കേരള ബോർഡ് പരീക്ഷയുമായി താരതമ്യം ചെയ്യുമ്പോൾ സിബിഎസ്ഇ ബോർഡ് പരീക്ഷ അല്പം പ്രയാസകരമാണെന്നും, കേരള ബോർഡ് പരീക്ഷയിൽ ലഭിക്കുന്നതുപോലെ മുഴുവൻ മാർക്കും സിബിഎസ്ഇ പരീക്ഷ എഴുതുന്നവർക്ക് ലഭിക്കുന്നത് അപൂർവമാണെന്നും സി.ബി.എസ്.ഇ സിലബസുകാർ വാദിക്കുന്നു.

 

തമിഴ്നാടും കേരളവും തമ്മിലെന്താണ് വ്യത്യാസം.?

അയൽ  സംസ്ഥാനമായ തമിഴ്നാട്ടിലും സമാന രീതിയിലാണ് മാർക്ക് ഏകീകരണം നടത്തുന്നതെങ്കിലും, പ്രവേശന നടപടിയുടെ തുടക്കത്തിൽ തന്നെ തമിഴ്നാട് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിരുന്നു എന്നതാണ് വ്യത്യാസം. അതേ സമയം കേരളത്തിൽ പരീക്ഷയ്ക്കു ശേഷം സർക്കാർ ഏകീകരണ നടപടി സ്വീകരിച്ചു എന്നതാണ് പ്രശ്നമായത്. നിയമപ്രശ്നങ്ങളുടെ സാധ്യത ഉന്നത വിദ്യാഭ്യാസ വകുപ്പിന് മുൻകൂട്ടി കാണാനായില്ല.  തമിഴ്‌നാട്ടിൽ എംബിബിഎസിന് തമിഴ് സിലബസ് പഠിച്ചു വരുന്ന കുട്ടികൾക്ക് സർക്കാർ മെഡിക്കൽ കോളേജുകളിൽ 7.5 ശതമാനം സംവരണം നൽകുന്നുണ്ട്. അതുപോലെ സർക്കാർ എഞ്ചിനീയറിങ് കോളജുകളിൽ സ്റ്റേറ്റ് സിലബസ് പഠിച്ചുവരുന്ന കുട്ടികൾക്ക് നിശ്ചിത ശതമാനം സംവരണം ഏർപ്പെടുത്താമായിരുന്നു എന്ന സാധ്യത കേരള സർക്കാർ പരിഗണിച്ചില്ല. പകരം അവസാന നിമിഷം ഏകീകരണ നടപടിയിലേക്ക് കടന്നു. ഇതാണ് പ്രതിഷേധത്തിനും നിയമ പ്രശ്നത്തിനും ഇടയാക്കിയത്.

മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ മൂന്ന് വിഷയങ്ങൾക്കും മുൻകാലങ്ങളിൽ തുല്യ വെയിറ്റേജ് (1:1:1 അനുപാതത്തിൽ) നൽകിയിരുന്നതിലും ഈ അധ്യയന വർഷം മാറ്റം വരുത്തി.മാത്ത്സിന് 100, ഫിസിക്സിന് 60, കെമിസ്ട്രിക്ക് 40 എന്നിങ്ങനെയായിരുന്നു മാറ്റം വരുത്തിയത്. ഇതും പ്രതിഷേധത്തിനിടയാക്കി. സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് മാത്തമാറ്റിക്സിന് മാർക്ക്  നേടുക പ്രയാസകരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.  സർക്കാരിന് നടപടിക്രമങ്ങളിൽ മാറ്റം വരുത്താൻ അധികാരമുണ്ടെന്ന് പ്രോസ്പെക്ടസിൽ പറഞ്ഞിട്ടുള്ളതിനാൽ, സർക്കാരിന് കോടതി വിധി ചോദ്യം ചെയ്യാനാകും.

Minister R Bindu

തുല്യനീതി ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം:മന്ത്രി ആർ ബിന്ദു  

തിരുവനന്തപുരം: സ്റ്റ്റ്റേറ്റ് സിലബസിലെ കുട്ടികളെ കൂടി പരി​ഗണിച്ചാണ് എല്ലാവർക്കും തുല്യനീതി ലഭ്യമാകുന്ന രീതിയിൽ ഒരു ഫോർമുല തയ്യാറാക്കിയതെന്നും വളരെ സുതാര്യമായാണ് എല്ലാ നടപടികളും ഉണ്ടായിട്ടുള്ളതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. എല്ലാ കുട്ടികൾക്കും നീതി ലഭ്യമാക്കുക എന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം. സർക്കാരിന് വേറെ നിക്ഷിപ്ത താൽപര്യങ്ങളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.കേരള എഞ്ചിനീയറിംഗ്‌ പ്രവേശന പരീക്ഷയുടെ( കീം) റാങ്ക്‌ പട്ടിക പുതിയ സമീകരണ രീതി പ്രകാരമാണ്‌ പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ്‌ തയ്യാറാക്കിയത്‌. ഈ റാങ്ക്‌ പട്ടിക ഹൈക്കോടതി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ്‌ മന്ത്രിയുടെ പ്രതികരണം.കഴിഞ്ഞവർഷം 35 മാർക്ക് വരെ വ്യത്യാസം വരാവുന്ന രീതിയിലായിരുന്നു സ്റ്റാൻഡേർഡൈസേഷൻ‌ പ്രോസസ് സംബന്ധിച്ച് ഉണ്ടായിരുന്നത്. കേരള ബോർഡിൽ പഠിക്കുന്ന ഒരു കുട്ടി മുഴുവൻ മാർക്ക് നേടിയാലും 35 മാർക്ക് കുറവ് കിട്ടുന്ന സ്ഥിതിയായിരുന്നു. ഇത് കൂടി പരി​ഗണിച്ചാണ് എല്ലാവർക്കും നീതി ഉറപ്പാക്കുന്ന ഒരു ഫോർമുലയിലേക്ക് എത്തിച്ചേരുന്നത്.അപ്പീൽ പോകണമോ എന്നുള്ള കാര്യങ്ങൾ മന്ത്രിസഭായോ​ഗത്തിനു ശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. കാബിനറ്റ് കൂടിയാണ് തീരുമാനങ്ങൾ കൈകൊണ്ടത്. അത്കൊണ്ട് തന്നെ കോടതിയിൽ വിധി ലഭ്യമായി കഴിഞ്ഞാൽ കാബിനറ്റുമായി ചേർന്ന് ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ  ഏറ്റവും മുൻനിരയിലുള്ള എൻജിയിനറിങ് കോളജുകൾ 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *